
നാഗർകോവിൽ : നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കന്യാകുമാരി സ്വദേശി അയ്യപ്പനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം ട്രെയിനിന്റെ ബോഗിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനത്തിനിരയായ ശേഷമുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ നാഗർകോവിൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവംബർ 14ന് രാവിലെ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ നിന്നും ഒരാൾ ഇറങ്ങിപ്പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് പ്രതിയായ അയ്യപ്പനിലേക്ക് അന്വേഷണം എത്താൻ സഹായിച്ചത്.
നവംബർ 14ന് പുലർച്ചെ അഞ്ചാം പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ പ്രതി ബലമായി വലിച്ചിഴച്ച് ട്രെയിനിനുള്ളിലേക്ക് കൊണ്ടുപോകുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പീഡനത്തിന് ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പൻ പൊലീസിനോട് കുറ്റസമ്മതം നടത്തി.
അറസ്റ്റിലായ അയ്യപ്പൻ മുൻപും മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.