Banner Ads

നട തുറന്ന ശേഷമുള്ള റെക്കോർഡ് തിരക്ക്: ശബരിമലയിൽ ഇന്നലെ എത്തിയത് അറുപതിനായിരത്തിലധികം ഭക്തർ; ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് എഡിഎം

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇന്നലെ മുതൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ രാത്രി 12 മണി വരെ 60635 തീർത്ഥാടകരാണ് ദർശനത്തിനായി മലചവിട്ടിയത്. നട തുറന്ന ശേഷം ഏറ്റവും കൂടുതൽ ഭക്തർ എത്തിയതും ഇന്നലെയാണ്.

അതേസമയം വെർച്വൽ ക്യൂ ബുക്കിംഗും യഥാർത്ഥത്തിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുകയാണ്. നട തുറന്നതിന് പിന്നാലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തതിൽ പകുതിയോളം പേർ ദർശനത്തിന് എത്തിയിരുന്നില്ല.

ഏജന്റുമാർ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് പ്രതിദിന വെർച്വൽ ക്യൂ ബുക്കിംഗ് 66000ൽ നിന്ന് 71000 ആക്കി ഘട്ടംഘട്ടമായി ഉയർത്തിയിരുന്നു. എന്നാൽ ഈ അധിക സ്ലോട്ടുകളും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബുക്ക് ആയിപ്പോകുന്ന സാഹചര്യമാണുള്ളത്.

വിഷയത്തിൽ ഉയരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വസ്തുതയില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ ബോധ്യമാകുന്നതെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർ അനുവദിച്ച ദിവസവും സമയവും തന്നെ ദർശനത്തിന് എത്താൻ ശ്രമിക്കണമെന്ന് എഡിഎം അഭ്യർത്ഥിച്ചു.

യാത്ര മാറ്റിവയ്ക്കുകയാണെങ്കിൽ നിർബന്ധമായും ബുക്കിംഗ് ക്യാൻസൽ ചെയ്യണം. തീയതികൾ മാറി ഭക്തർ എത്തുന്നത് സന്നിധാനത്തെ ക്രമീകരണങ്ങളെ ബാധിക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് അധികൃതരുടെ നിർദ്ദേശം.