
കൊല്ലം : കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം.നെടുവത്തൂർ സ്വദേശി അർച്ചന, കൊട്ടാരക്കര ഫയർഫോഴ്‌സ് യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി, അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയാണ് അർച്ചന. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പന്ത്രണ്ടരയോടെയാണ് യുവതി കിണറ്റിൽ ചാടിയെന്ന വിവരം ഫയർഫോഴ്‌സിന് ലഭിക്കുന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി.
റോപ്പ് അടക്കമുള്ള രക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി എസ്. കുമാർ കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകടസമയത്ത് കിണറ്റിൻ്റെ കൈവരിയിൽ ചാരി നിൽക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ കൈവരി ഇടിഞ്ഞതോടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു ശിവകൃഷ്ണൻ എന്നാണ് പ്രാഥമിക വിവരം. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.അർച്ചനയും ശിവകൃഷ്ണനും കുറച്ചുകാലമായി ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് യുവതി കിണറ്റിൽ ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.