തിരുവനന്തപുരം : അയര്‍ലന്‍ഡില്‍ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിലായി. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അനുവാണ് പോലീസ് കസ്റ്റഡിയിലായത്. കേരളത്തിലെ പല ജില്ലകളിലായി അമ്പതിൽ അധികം ആളുകളെയാണ് കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപ യുവതി തട്ടിയെടുത്തത്. മുമ്പ് ഇസ്രായേലിൽ കെയർടേക്കറായി ജോലി ചെയ്തിരുന്ന അനു അയർലണ്ടിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത്, കൂടുതലും നഴ്സിംഗ് വിദ്യാർത്ഥികളെ കബളിപ്പിച്ചത്. തൊഴിലവസരങ്ങൾക്കായി 5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
പണം വാങ്ങിയതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഇതേ തരത്തിലുള്ള തട്ടിപ്പ് കേസുകളില്‍ ഇവരെ പ്രതി ചേർത്തിട്ടുണ്ട്. ഒമ്പത് കേസുകളാണ് നിലവിൽ ഇവർക്കെതിരെയുള്ളത്. പണം തട്ടാനായി അനുവിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. അനുവിന്റെ ഭർത്താവ് ജിബിൻ ജോബിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഇയാൾക്കായുള്ള തിരച്ചിലിലാണ് പോലീസ്.