
തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോ റാമിനെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി കുടുംബം. കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക് മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തിന് മുൻപ് നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. അന്നേദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ നടന്നത് എന്താണെന്ന് വ്യക്തമാകാൻ അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കുന്ന രീതിയിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.
ഡോ റാമിനെ പുറത്താക്കാനുള്ള കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇയാൾ ശിക്ഷിക്കപ്പെടണമെന്നും യാതൊരുവിധ ആനുകൂല്യങ്ങളും നൽകി രക്ഷപ്പെടാൻ അനുവദിക്കരുതെന്നും കുടുംബം വ്യക്തമാക്കി.