Banner Ads

അതിക്രമിച്ചുകയറി യുവതിയെ മർദിച്ചു; അയൽവാസി വീടിന് തീയിട്ടതായി പരാതി, സർവതും കത്തിനശിച്ചു

കൊട്ടിയം: വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ മർദിച്ച ശേഷം അയൽവാസി വീട് തീവെച്ച് നശിപ്പിച്ചതായി പരാതി. ചേരീക്കോണം പുറമ്പോക്കുഭൂമിയിലെ താമസക്കാരായ സജീനയുടെയും കുടുംബത്തിന്റെയും വീടാണ് പൂർണമായി കത്തിനശിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സജീനയും വിധവയായ മകളും ഇവരുടെ മൂന്ന് മക്കളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

സജീനയുടെ മകൾ വീട്ടിലുണ്ടായിരുന്ന സമയത്താണ് അയൽവാസി അതിക്രമിച്ചുകയറി മർദിച്ചത്. ക്രൂരമായി മർദനമേറ്റ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടിയ സമയത്താണ് പ്രതി വീടിന് തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.വിവരമറിഞ്ഞ് കുണ്ടറയിൽ നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വീട് പൂർണമായി കത്തിയമർന്നിരുന്നു.

വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പഠനോപകരണങ്ങൾ ഉൾപ്പെടെ വീട്ടിനുള്ളിലുണ്ടായിരുന്ന സർവസാധനങ്ങളും അഗ്നിക്കിരയായതായി കുടുംബം പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി കണ്ണനല്ലൂർ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.