
തിരുവനന്തപുരം : അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വനിത ശിശു വികസന വകുപ്പ്.
അമൃതം പൊടിയിലെ 20 ശതമാനത്തോളം വരുന്ന പഞ്ചസാരയുടെ സാന്നിധ്യം വളർന്നുവരുന്ന പ്രായത്തിൽ കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇതിന്റെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.
അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.
നിലവിൽ അമൃതം പൊടിയിൽ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല,10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയ ചങ്ക്സ് എന്നിവയ്ക്ക് പുറമെയാണ് 20 ശതമാനം പഞ്ചസാര ചേർക്കുന്നത്.
ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രതിദിനം 135 ഗ്രാം അമൃതം പൊടിയാണ് പലഹാരമായോ കുറുക്കിയോ നൽകാൻ നിർദ്ദേശിക്കുന്നത്.
135 ഗ്രാം അമൃതം പൊടി കഴിക്കുന്ന ഒരു കുഞ്ഞിന്റെ ഉള്ളിൽ ഒരു ദിവസം 80 ശതമാനത്തോളം വരുന്ന 27 ഗ്രാം പഞ്ചസാരയാണ് എത്തുന്നത്. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും ഇത്രയും ഉയർന്ന അളവിൽ പഞ്ചസാര നൽകുന്നത് മാറ്റണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
പഞ്ചസാരയ്ക്ക് പകരം കുട്ടികൾക്ക് ആരോഗ്യപ്രദമായ ശർക്കരയോ കരുപ്പെട്ടിയോ അമൃതം പൊടിയിൽ ഉപയോഗിക്കാമെന്നാണ് വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുഞ്ഞുപ്രായത്തിൽ തന്നെ ഇത്തരത്തിൽ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് കുട്ടികൾ വളർന്നു വരുമ്പോൾ ഐസ്ക്രീം, ചോക്ലേറ്റ് തുടങ്ങിയ മധുരവസ്തുക്കളോട് അമിതമായ ആസക്തി ഉണ്ടാകാൻ കാരണമാകും.