Banner Ads

കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു ജീപ്പുകൾ ചവിട്ടിത്തകർത്തു

ഇടുക്കി : കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. ഗൃഹനാഥപുരത്ത് ഇന്ന് പുലർച്ചയോടെ വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന ചവിട്ടിത്തകർത്തു. പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി മൂന്ന് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ആർആർടി സംഘം ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കാന്തല്ലൂർ പെരുമല സേക്രഡ് ഹാർട്ട് സ്കൂൾ പരിസരത്തും സമീപറോഡുകളിലും രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം എത്തുന്നത് പതിവായിട്ടുണ്ട്. ഇത് പ്രദേശവാസികളെയും വിദ്യാർത്ഥികളെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്.

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി പാണ്ഡ്യരാജ് കഴിഞ്ഞദിവസം കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടുമണിയോടെ ലയത്തിന് പുറത്തുനിൽക്കുമ്പോൾ പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം സമീപത്തെ ബംഗ്ലാവിലേക്ക് ഓടിക്കയറുകയായിരുന്നു.

ചിന്നംവിളിച്ച് പിന്നാലെയോടിയ ആനയിൽനിന്ന് അത്ഭുതകരമായാണ് പാണ്ഡ്യരാജ് രക്ഷപ്പെട്ടത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.