
വാഷിംഗ്ടൺ : പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടിയുടെ കാലാവധി തീരാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു.
വാരാന്ത്യത്തിലും വാഷിംഗ്ടണിൽ തുടരുന്ന പ്രസിഡന്റ് ട്രംപ് ദേശീയ സുരക്ഷാ ടീമിലെ കരുത്തരായ നേതാക്കളുമായാണ് ചർച്ചകൾ നടത്തുന്നത്. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, ജനറൽ ഡാൻ കെയ്ൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ചർച്ചകൾക്കിടയിൽ ഇറാൻ ചില കൗശലങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
ഇത് സൂചിപ്പിക്കുന്നത് നയതന്ത്ര ചർച്ചകളിൽ ഉടലെടുത്ത അവിശ്വാസമാണ്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട സൈനികവും രാഷ്ട്രീയവുമായ നടപടികളെക്കുറിച്ചാണ് പ്രധാനമായും വൈറ്റ് ഹൗസ് ആലോചിക്കുന്നത്. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ആർഎഫ്കെ ജൂനിയർ എന്നിവരും വൈറ്റ് ഹൗസിലുണ്ട്.