
അമ്പലപ്പുഴ : രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനാപകടത്തിൽപ്പെട്ട് യുവതി മരിച്ചു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മകൾ സ്വാതി (22) ആണ് മരിച്ചത്. മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്നാണ് സ്വാതിയും സംഘവും ഓട്ടോയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചത്.
പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമാണ് അപകടം നടന്നത്. യാത്രാമധ്യേ സൈഡ് റോഡിൽ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളടക്കം വാഹനത്തിന് മുകളിലേക്ക് വീണു. വൈദ്യുതി പ്രവാഹം ഉള്ളതിനാൽ നാട്ടുകാർക്ക് ഉടൻ രക്ഷാപ്രവർത്തനം നടത്താനായില്ല. പിന്നീട് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ സ്വാതിയെ പുറത്തെടുത്തത്.
ഒരു മണിക്കൂറോളം വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സ്വാതി ആശുപത്രിയിലെത്തിക്കും മുൻപേ രക്തം വാർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അഭിലാഷ്, ദീപിക, ഓട്ടോ ഡ്രൈവർ ഹരിസുധൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.