
കോഴിക്കോട് : തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ബി തമ്പിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടർന്നാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ താൻ പന്ത്രണ്ട് പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരൻ ആദ്യം സ്വന്തം പാർട്ടിയിലെ നേതൃത്വം നന്നാക്കാൻ നോക്കണം. സ്വന്തം കുടുംബത്തിലെ പ്രശ്നം പോലും പരിഹരിക്കാൻ പറ്റാത്ത ആളാണ് മുരളീധരൻ.
കോൺഗ്രസ് നേതൃത്വം തകർന്നെന്ന് തിരുവനന്തപുരം എംപി പോലും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദ് ബി തമ്പിയുടെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നാല് സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.