Banner Ads

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യപാനം: എസ്പിയെ കണ്ട് പൊലീസുകാരൻ ഓടി രക്ഷപെട്ടു; 3 സിവിൽ പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻ കാണി അച്ചടക്ക നടപടി സ്വീകരിച്ചത്.

ഞായറാഴ്ച അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി മിന്നൽ സന്ദർശനം നടത്തിയത്.മേലുദ്യോഗസ്ഥനെ കണ്ടതോടെ പരിഭ്രാന്തരായ പൊലീസുകാർ പ്രോട്ടോക്കോൾ മറന്ന് സല്യൂട്ട് ചെയ്യാൻ പോലും തയ്യാറായില്ല. പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ മദ്യപിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വാദിച്ചെങ്കിലും, ജോലിയിൽ വീഴ്ച വരുത്തിയതിനും അച്ചടക്കലംഘനത്തിനും മൂവരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.