
കൽപ്പറ്റ : വയനാട് ഗവ മെഡിക്കൽ കോളേജിന് അഭിമാന നിമിഷം. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി അതിസങ്കീർണ്ണമായ ആർത്രോസ്‌കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63കാരനിലാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം മൂന്ന് ലക്ഷം രൂപയിലധികം ചെലവ് വരുന്ന ഈ പ്രൊസീജിയർ, കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന രോഗിക്ക് സൗജന്യമായി ലഭ്യമാക്കാനായി.
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ സേവനങ്ങളിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. കീഹോൾ ആർത്രോസ്‌കോപ്പിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തോളിലെ ഈ ശസ്ത്രക്രിയ നടത്തിയത്. വേദന കൂടുതലുള്ള പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഈ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ രോഗികൾക്ക് എളുപ്പത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഈ നേട്ടത്തോടെ അത്യാധുനിക ആർത്രോസ്‌കോപ്പിക് സേവനങ്ങൾ നൽകുന്ന സംസ്ഥാനത്തെ നൂതന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് വയനാട് മെഡിക്കൽ കോളേജും എത്തിച്ചേർന്നു.
ഓർത്തോപീഡിക്‌സ് യൂണിറ്റ് മേധാവി ഡോ രാജു കറുപ്പലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയാ വിദഗ്ധരായ ഡോ സുരേഷ്, ഡോ ഇർഫാൻ, അനസ്തറ്റിസ്റ്റുമാരായ ഡോ ബഷീർ, ഡോ ഉസ്മാൻ, നഴ്സിംഗ് ടീം അംഗങ്ങൾ എന്നിവരുടെ നിസ്വാർത്ഥമായ കൂട്ടായ ശ്രമങ്ങളാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും അഭിനന്ദിച്ചു.