
കണ്ണൂർ : കേരളത്തിൽ രാഷ്ട്രീയ സുനാമി വീശിയടിക്കുമെന്ന് ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. കണ്ണൂർ താവക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും അന്ത്യം കണ്ണൂരിൽ കുറിക്കപ്പെടുമെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ മുഹമ്മദ് റിയാസ് തോൽക്കുമെന്ന് അൻവർ ഉറപ്പിച്ചു പറഞ്ഞു.
റിയാസ് ബെറ്റിന് തയ്യാറാണെങ്കിൽ ഞാൻ മൊട്ടയടിച്ച് കമ്മലിടാൻ തയ്യാറാണ്. റിയാസ് കമ്മലിടണമെന്നില്ല അതിന്റെ ആവശ്യമില്ലല്ലോ എന്ന് അൻവർ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് തോൽവിക്ക് സമാനമായ രീതിയിൽ പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമേ വിജയിക്കുകയുള്ളൂവെന്ന് അൻവർ ആരോപിച്ചു. പാർട്ടിയെ രക്ഷിക്കാൻ സിപിഎം അണികൾ തന്നെ ഇത്തവണ ഭരണകൂടത്തിനെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്ന് അൻവർ പറഞ്ഞു.
കണ്ണൂരിൽ ജയരാജന്മാരുടെ അതൃപ്തിയും, രാഷ്ട്രീയ കൊലപാതക കേസുകൾ അട്ടിമറിക്കാൻ പി ശശി ബിജെപിക്ക് വേണ്ടി നടത്തിയ ഇടപെടലുകളും സിപിഎമ്മിന് തിരിച്ചടിയാകും. തന്റെ പോരാട്ടം കാരണം കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് റിയാസിന് പ്രചാരണത്തിന് പോലും പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും അൻവർ അവകാശപ്പെട്ടു. ഭരണം നഷ്ടപ്പെട്ടാൽ പിണറായിക്ക് പ്രതിപക്ഷ നേതാവാകാം.
അതിൽ കുഴപ്പമൊന്നുമില്ല. അതത്ര മോശം പദവിയല്ലല്ലോ എന്നും അൻവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ നിസാർ മേത്തറും പങ്കെടുത്തു. തളിപ്പറമ്പിലും പയ്യന്നൂരിലും മത്സരിച്ച മുൻ സിപിഎം നേതാക്കളും താൻ പറഞ്ഞ വസ്തുതകൾ ശരിവെക്കുകയാണെന്നും അൻവർ വ്യക്തമാക്കി.