Banner Ads

വനിതാ സംവരണ ബില്ലിൽ വോട്ടെടുപ്പ് ഇന്ന്; വിജ്ഞാപനത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ദില്ലി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകുന്നേരം വോട്ടെടുപ്പ് നടക്കാനിരിക്കെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. 2023-ലെ ബില്ല് ധൃതിപ്പെട്ട് വിജ്ഞാപനം ചെയ്ത സർക്കാർ നടപടിയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ബില്ലിന്മേൽ ചർച്ച തുടരുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതൽ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ചർച്ച പൂർത്തിയാകുന്നതിന് മുൻപേ വിജ്ഞാപനം ഇറക്കിയതിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് സഭയിൽ ആദ്യം ചോദ്യം ചെയ്തത്. ഇത് സഭയോടുള്ള അനാദരവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുതിയ ബില്ലും മണ്ഡല പുനർനിർണ്ണയവും തിരിച്ചടിയാകുമെന്ന് ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു. ബില്ലിലെ അപാകതകൾ പരിശോധിക്കാൻ ഇത് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു.

നോട്ട് നിരോധനം നടപ്പാക്കിയ അതേ വേഗതയിലാണ് സർക്കാർ മണ്ഡല പുനർനിർണ്ണയവുമായി മുന്നോട്ട് പോകുന്നതെന്ന് ശശി തരൂർ എംപി വിമർശിച്ചു.വനിതാ സംവരണം നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ സംവരണം വൈകിപ്പിക്കുകയാണെന്നും തരൂർ പറഞ്ഞു.”നോട്ട് നിരോധനത്തിൽ കാണിച്ച അതേ തിടുക്കമാണ് സർക്കാർ ഇവിടെയും കാണിക്കുന്നത്.

നിലവിൽ സഭയിലുള്ള എംപിമാർക്ക് തന്നെ സംസാരിക്കാൻ സമയം ലഭിക്കുന്നില്ല. അംഗസംഖ്യ 800-ന് മുകളിലായാൽ സഭ എങ്ങനെ കൈകാര്യം ചെയ്യും? ചെറിയ സംസ്ഥാനങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെടാനും വലിയ സംസ്ഥാനങ്ങളുമായുള്ള സീറ്റ് അന്തരം വർദ്ധിക്കാനും ഇത് കാരണമാകും.” – ശശി തരൂർ.ബഹളത്തെത്തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടെങ്കിലും വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.