
കണ്ണൂർ : കണ്ണൂരിലെ പാരമ്പര്യ പെരുമ വിളിച്ചോതുന്ന മാവിലാക്കാവ് അടി ഉത്സവം ആയിരങ്ങളെ സാക്ഷിയാക്കി ഭക്തിസാന്ദ്രമായി നടന്നു. മാവിലായി നിലാഞ്ചിറ വയലിൽ നടന്ന ഈ അപൂർവ്വ ചടങ്ങിൽ നാടിന്റെ നാനാഭാഗത്തുനിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്തി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അടി ആരംഭിച്ചത്. കാടാച്ചിറ കച്ചേരി ഇല്ലത്ത് ഒരു പിടി അവിലിനു വേണ്ടി ബാലന്മാർ നടത്തിയ അടിയെ ഓർമ്മിപ്പിച്ചു കൊണ്ടാണ് മാവിലാക്കാവിനോട് അനുബന്ധിച്ച നിലാഞ്ചിറ വയലിൽ അടി ഉത്സവം നടക്കുന്നത്.
കഴിഞ്ഞ ദിവസം കച്ചേരി കാവിലും അടി ഉത്സവം നടന്നിരുന്നു. മൂത്ത കൂർവാഡിലെയും ഇളയ കൂർവാഡിലെയും കൈക്കോളന്മാർ തമ്മിലായിരുന്നു പോരാട്ടം. കരുത്തരായ വാല്യക്കാരുടെ ചുമലിലേറിയാണ് കൈക്കോളന്മാർ പരസ്പരം ഏറ്റുമുട്ടിയത്. ഇത് കാണാൻ നിലാഞ്ചിറ വയലിൽ തടിച്ചുകൂടിയ ആയിരങ്ങൾ ആർപ്പുവിളികളോടെ ആവേശം പകർന്നു.
അടി ഉച്ചസ്ഥായിയിൽ എത്തിയതോടെ വലിയ വീട്ടിൽ കാരണവരുടെ നിർദ്ദേശപ്രകാരം ഇരുവിഭാഗവും പിന്മാറി ചടങ്ങ് അവസാനിപ്പിച്ചു. നാട്ടുക്കൂട്ടായ്മയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഈ ഉത്സവം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ ജനപങ്കാളിത്തമാണ് ഇക്കുറിയും ഉണ്ടായത്.