
കോഴിക്കോട് : കോഴിക്കോട് നരിക്കാട്ടേരിയിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും ഏറ്റുമുട്ടി. പാർട്ടിയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ തുടർച്ചയായാണ് പുതിയ സംഭവവികാസമെന്നാണ് സൂചന. സിപിഎം പാറയിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവർക്കാണ് മർദനമേറ്റത്.
മൂവരും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിൽ ഒരു ബൈക്കും തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് പിപി ബാലകൃഷ്ണനും കുടുംബത്തിനും നേരെ ആക്രമണം നടന്നിരുന്നു. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമിച്ചതെന്നായിരുന്നു ബാലകൃഷ്ണൻ പരാതി നൽകിയത്.
ഈ സംഭവത്തിൽ സജീവൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സജീവന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് ആരോപിച്ച് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഘർഷമെന്നാണ് വിലയിരുത്തൽ.