Banner Ads

ജയിൽമേധാവിക്ക് ഡിജിപി പദവി നൽകിയതിൽ ചട്ടലംഘനം; സർക്കാരിന്റെ ധൃതിപിടിച്ച തീരുമാനത്തിനെതിരെ ഹൈക്കോടതി

കൊച്ചി : ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു.

ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കപ്പെട്ട് തീരുമാനമെടുത്ത സർക്കാർ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എഡിജിപിയെ ഡിജിപിയായി ഉയർത്തുമ്പോൾ ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തി കോടതി പ്രകടിപ്പിച്ചു.

എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതടക്കമുള്ള വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കവെയാണ് ആഭ്യന്തര വകുപ്പ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കിയത്. എഡിജിപി സ്ഥാനത്തുള്ള എംആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്.

നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധക്കാർക്കെതിരെ നടത്തിയ മർദ്ദനകേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്‌പെൻഷൻ ലഭിച്ചത്. അതേസമയം സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ സേവനം തുടരുമെന്നും സർക്കാർ അറിയിച്ചു.