Banner Ads

വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ; കുട്ടികളടക്കം ആറുപേർ ആശുപത്രിയിൽ, പരപ്പയിൽ ബേക്കറി പൂട്ടിച്ചു

കാസർകോട് : കാസർകോട് പരപ്പയിൽ വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ. കനകപ്പള്ളി സ്വദേശി സലീമിന്‍റെ പരാതിയിൽ ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ചു. പരപ്പയിൽ പ്രവർത്തിക്കുന്ന സ്വീറ്റി ബേക്കറിക്കെതിരെയാണ് നടപടി. കേക്ക് കഴിച്ച കുട്ടികളടക്കം ആറുപേർ ആശുപത്രിയിൽ ചികിത്സ തേടി.

സലീമിന്റെ വിവാഹവാർഷിക ആഘോഷത്തിനായി ശനിയാഴ്ച രാത്രി ബന്ധുക്കൾ വാങ്ങി നൽകിയ കേക്കിലാണ് പൂപ്പൽ കണ്ടെത്തിയത്. കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂപ്പൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

ബേക്കറി സ്ഥിതി ചെയ്യുന്ന കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഇതേത്തുടർന്ന് ബേക്കറിക്ക് നോട്ടീസ് നൽകുകയും സ്ഥാപനം പൂട്ടിച്ച് സീൽ വെയ്ക്കുകയും ചെയ്തു.