
പാലക്കാട്:ജോലിക്കിടയിൽ മദ്യപിച്ച് ലക്കുകെട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. ഈരാറ്റുപേട്ട-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടറായ ആർ. കുമാർ ബദലിയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്.
കണ്ടക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ച് വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു.വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ, ഒരു ക്വാർട്ടർ മദ്യം കഴിച്ച കാര്യം കണ്ടക്ടർ സമ്മതിച്ചു.
“പറ്റിപ്പോയി” എന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.തുടർന്ന്, കണ്ടക്ടറെ മാറ്റിയ ശേഷം ബസ് യാത്ര തുടർന്നു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കണ്ടക്ടർക്കെതിരെ കൂടുതൽ ശിക്ഷാ നടപടികൾക്ക് സാധ്യതയുണ്ട്.