
റിയാദ് : ഉംറ നിർവ്വഹിക്കുന്നതിനായി ജുബൈലിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും ഹൈദരാബാദ് സ്വദേശി മുഖ്താർ മുഹമ്മദിന്റെ മകളുമായ ഹാദിയ മുഖ്താർ (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
യാത്രയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയും കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഹാദിയ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിലെ ഉഖ്ലത്ത് അൽ സുഗൂർ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് സഹായങ്ങൾ നൽകുന്നതിനുമായി ആന്ധ്രപ്രദേശ്, തെലങ്കാന പ്രവാസി കൂട്ടായ്മകൾ രംഗത്തുണ്ട്.