കുടിയേറ്റക്കാരെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ നടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ട്രംപിന്റെ പ്രതികരണം. കുടിയേറ്റ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ചതിനെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
ലോസ്ആഞ്ചലസ് രാജ്യാന്തര ഗുണ്ടാ സംഘങ്ങള്‍ നിറഞ്ഞ ചവറു കൂമ്പാരം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ആഭ്യന്തര കലാപം നേരിടാന്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്ന സൂചനയും ട്രംപ് നല്‍കി. ‘ഒരു കലാപം ഉണ്ടായാല്‍ തീര്‍ച്ചയായും അത് പ്രയോഗിക്കും.ഭൂമിയിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരമായ നഗരം പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഒരു മാലിന്യ കൂമ്പാരമായി മാറി’. ലോസ്ആഞ്ചലസിലെ കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കവേ ട്രംപ് പറഞ്ഞു. ‘അന്തര്‍ദേശീയ സംഘങ്ങളുടെയും ക്രിമിനല്‍ ശൃംഖലകളുടെയും നിയന്ത്രണത്തിലാണ് ഈ നഗരം. കാലിഫോര്‍ണിയയില്‍ നിങ്ങള്‍ കാണുന്നത് സമാധാനത്തിനും ദേശീയ പരമാധികാരത്തിനും എതിരെ വിദേശ പതാകകള്‍ ഏന്തിയ കലാപകാരികള്‍ നടത്തുന്ന ആക്രമണമാണ്’. ലോസ്ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭം നേരിടാന്‍ 700 മറൈന്‍ സൈനികരെയും നാലായിരം നാഷണല്‍ ഗാര്‍ഡ് സൈനികരെയുമാണ് വിന്യസിച്ചത്. കാലിഫോണിയ ഗവര്‍ണറുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സൈനികര്‍ ലോസ്ആഞ്ചലസിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്. പ്രാദേശികമായ പ്രക്ഷോഭം നേരിടാന്‍ സൈനികരെ ഉപയോഗിച്ചത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന രൂക്ഷ വിമര്‍ശനമാണ് കാലിഫോണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉയര്‍ത്തിയത്. ട്രംപ് ഫെഡറല്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ നേട്ടത്തിനായാണ് ട്രംപ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ലോസ്ആഞ്ചലസില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെ പ്രയോഗിച്ചു. നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. ലോസ്ആഞ്ചലസിലെ ചില മേഖലകളില്‍ മേയര്‍ കാരെന്‍ ബാസ് കര്‍ഫ്യൂ പുറപ്പെടുവിച്ചു. പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് പ്രയോഗിക്കുെമന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഇറക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണിത്. 2026 ലെ ഫുട്‌ബോള്‍ ലോകകപ്പിന് അമേരിക്കയും ആതിഥേയത്വം വഹിക്കുന്നുണ്ട്