തിരുവല്ല : വെള്ളത്തിൽ മുങ്ങി അപ്പർകുട്ടനാട്. അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര, നെടുംമ്പ്രം, കടപ്ര , നിരണം എന്നീ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം വൻ ദുരിതം വിതച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച മഴ ശനിയാഴ്ച ഉച്ചയോടെയാണ് അല്പമെങ്കിലും ശ്രമിച്ചത്. ശനിയാഴ്ച പുലർച്ചെ മുതലാണ് മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു തുടങ്ങിയത്.
പ്രദേശത്തുകൂടി ഒഴുകുന്ന പമ്പ, മണിമല നദികളും അനുബന്ധ തോടുകളും നിറഞ്ഞ കവിഞ്ഞ് ഒഴുകുകയാണ്. അപ്പർ കുട്ടനാടൻ മേഖലയിൽ ആയിരത്തിലധികം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. വയോധികരും രോഗികളും അടക്കമുള്ളവർ പല ഭാഗങ്ങളിലെയും വീടുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പെരിങ്ങര പഞ്ചായത്തിലെ പെരിങ്ങര, കാരയ്ക്കൽ, മേപ്രാൽ , തണുങ്ങാട്, മുണ്ടപ്പള്ളി, വേങ്ങൽ, ആലംതുരുത്തി, കഴുപ്പിൽ കോളനി, വളവനാരി, ഇളവനാരി, കോൺകോഡ്, ചാത്തങ്കരി എന്നീ പ്രദേശങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
നെടുംമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ, കൊച്ചാരി മുക്കം, നെടുമ്പ്രം, വാഴപ്പറമ്പ് കോളനി, അമിച്ചകരി എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കല്ലുങ്കൽ, കൊച്ചാരി മുക്കം, അമിച്ചകരി, വാഴപ്പറമ്പ് കോളനി എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കടപ്ര പഞ്ചായത്തിലെ പരുമല നഴ്സിംഗ് കോളേജ് ഭാഗം, ഉഴത്തിൽ കോളനി, കോട്ടയ്ക്കാട്ട് മാലി കോളനി, ഉപദേശിക്കടവ്, ഇല്ലിമല ഭാഗം, സൈക്കിൾ മുക്കിന് പടിഞ്ഞാറ്, ആലംതുരുത്തി, പുളിക്കീഴ്, വരമ്പിനകത്ത് മാലി, സീറോ ലാൻഡ് കോളനി എന്നീ ഭാഗങ്ങളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്താൽ ഒറ്റപ്പെട്ട നിലയിലാണ്.
നിരണം പഞ്ചായത്തിലെ കൊമ്പങ്കേരി, ഇര തോട്, തോട്ടുമട , ഡക്ക് ഫാം, കടുവം കുഴി കോളനി എന്നീ പ്രദേശങ്ങളിലെ നൂറോളം വീടുകൾക്ക് ഉള്ളിൽ വെള്ളം കയറി. നെടുമ്പ്രം അന്തിച്ചന്ത മുതൽ മണക്ക് ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ശനിയാഴ്ച രാവിലെ മുതൽ കെഎസ്ആർടിസി സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തിരുവല്ല മുതൽ പൊടിയാടി വരെയും അമ്പലപ്പുഴ മുതൽ നീരേറ്റുപുറം വരെയുമാണ് നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
ഡക്ക് ഫാം – ആലംതുരുത്തി റോഡിൽ ഒരാൾപ്പൊക്കത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്കം മേഖലയിൽ എല്ലാം തന്നെ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വാഴകൃഷികൾക്കാണ് വെള്ളപ്പൊക്കം ഏറെ നാശം വിതച്ചിരിക്കുന്നത്. വെള്ളം ഇറങ്ങിയതിനു ശേഷം മാത്രമേ കൃഷിനാശം സംബന്ധിച്ച വ്യക്തമായ കണക്കെടുപ്പ് നടത്താൻ കഴിയൂ എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്പർ കുട്ടനാടൻ മേഖലയിലെ പല പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾ അടക്കമുള്ളവ നഷ്ടമാവും എന്ന ഭയത്താലും പശുവും പോത്തും അടക്കമുള്ള വളർത്തുന്ന കൊണ്ടുപോകാൻ സാധിക്കാത്തതിനാലും നൂറുകണക്കിന് കുടുംബങ്ങൾ വെള്ളപ്പൊക്കത്തെ അവഗണിച്ചും വീടുകൾ തന്നെ തുടരുകയാണ്.
താലൂക്കിൽ ആകമാനം തുറന്ന 20 ദുരിതാശ്വാസ ക്യാമ്പുകളിൽ 32 കുടുംബങ്ങളിൽ നിന്നുള്ള 474 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. വെള്ളം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ വിവിധ പഞ്ചായത്തുകളിലായി കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി തഹസിൽദാർ സിനി മോൾ മാത്യു പറഞ്ഞു.