
അരൂർ : ദേശീയപാതയിൽ ഐസ്‌ക്രീം കണ്ടെയ്‌നർ ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഗോവയിൽ നിന്ന് ചന്തിരൂരിലെ സ്‌നോമാൻ കോൾഡ് സ്റ്റോറേജിലേക്ക് ഐസ്‌ക്രീമുമായി വന്ന ലോറിയാണ് മറിഞ്ഞത്.ദേശീയപാത 66-ലെ ഉയരപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം.
ഇവിടെ ഗാൻട്രി ക്രെയ്ൻ ഓടിക്കുന്നതിനായി റെയിൽ പാളങ്ങൾ സ്ഥാപിച്ചിരുന്നു. ഈ റെയിൽ പാളം ഒരടി ഉയരത്തിൽ മരക്കട്ടകൾ വെച്ചാണ് ഉയർത്തിയിരിക്കുന്നത്. കോൾഡ് സ്റ്റോറേജിലേക്ക് പ്രവേശിക്കാൻ ലോറികൾക്ക് ഈ റെയിൽ മറികടക്കേണ്ടതുണ്ട്. എന്നാൽ റെയിലിന്റെ ഇരുവശത്തും ആവശ്യത്തിന് മെറ്റൽ മിശ്രിതം ഇടാത്തതാണ് അപകടത്തിന് കാരണമായത്.
റെയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.