
പത്തനംതിട്ട : ഒമല്ലൂർ എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള സ്നേഹതണൽ വൃദ്ധസദനത്തിൽ അന്തേവാസികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്.
ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 17കാരൻ ഉൾപ്പെടെയുള്ള അന്തേവാസികൾക്കാണ് മർദ്ദനമേറ്റത്. വൃദ്ധസദനത്തിനുള്ളിൽ മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് കുട്ടികളെ ഉൾപ്പെടെ ജീവനക്കാർ ക്രൂരമായി ഉപദ്രവിച്ചിരുന്നതെന്ന് മുൻ ജീവനക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുട്ടികൾക്കൊപ്പം മുതിർന്ന അന്തേവാസികളെയും ഇവർ മർദ്ദിക്കാറുണ്ടായിരുന്നു.
സ്ഥാപനത്തിലെ അന്തേവാസികൾക്ക് നല്ല ഭക്ഷണമോ മരുന്നോ നൽകാറില്ലായിരുന്നു. പീഡനവിവരങ്ങൾ പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായും മുൻ ജീവനക്കാരി ആരോപിച്ചു. അന്തേവാസികൾ നേരിട്ട ക്രൂരതകളെക്കുറിച്ച് ശക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ പോലീസ് തീരുമാനിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണം നൽകാൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.