
കോഴിക്കോട് : കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്കയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയീൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് സുധയ്ക്ക് വെട്ടേറ്റത്. ഭർത്താവ് കുട്ടിക്കൃഷ്ണൻ വാക്കത്തി ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഷെഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്.
കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ പ്രതി കുട്ടികൃഷ്ണൻ ഒളിവിൽ പോയി. ഇയാൾക്കായി കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.