
കൊച്ചി : വിജിലൻസിന്റെ ടി1, ടി2 രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ പി കെ മുരളീകൃഷ്ണൻ, ആർടിഐ കേരള ഫെഡറേഷൻ സംഘടന എന്നിവരാണ് ഹർജി നൽകിയത്.
സർക്കാർ ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുന്നതാണെന്നും ഇതിന്മേൽ അടിയന്തര സ്റ്റേ വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ ഒക്ടോബർ 22നാണ് വിജിലൻസിന്റെ ടി സെക്ഷനുകളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേസുകളിൽ ഇരയാക്കപ്പെടുന്നവർക്ക് വരെ പ്രധാന വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനമാണ് പുതിയ ഉത്തരവിലൂടെ തടയപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നതിനിടെയാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.