അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും കുടിയേറ്റ വിഷയത്തിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾക്ക് വേദിയൊരുക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭങ്ങളെയും സൈന്യത്തെ വിന്യസിച്ച നടപടിയെയും ന്യായീകരിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലോസ് ആഞ്ചലസ് നഗരത്തെ “രാജ്യാന്തര ഗുണ്ടാ സംഘങ്ങൾ നിറഞ്ഞ ചവറു കൂമ്പാരം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അനധികൃത കുടിയേറ്റക്കാരാണ് ഈ നഗരത്തെ നശിപ്പിച്ചതെന്നും, ക്രമസമാധാനം പുനഃസ്ഥാപിച്ച് നഗരത്തെ ഈ ദുരവസ്ഥയിൽ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു ഈ പരാമർശങ്ങൾ. “ലോസ് ആഞ്ചലസിലെ ഇപ്പോഴത്തെ കുഴപ്പം നിറഞ്ഞ സാഹചര്യത്തിന് കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റമാണ്. ഭൂമിയിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരവുമായ നഗരം പതിറ്റാണ്ടുകൾക്കുള്ളിൽ ഒരു മാലിന്യ കൂമ്പാരമായി മാറിയെന്നാണ് ട്രംപ് പറയുന്നത് .
“അന്താരാഷ്ട്ര സംഘങ്ങളുടെയും ക്രിമിനൽ ശൃംഖലകളുടെയും നിയന്ത്രണത്തിലാണ് ഈ നഗരം. കാലിഫോർണിയയിൽ നിങ്ങൾ കാണുന്നത് സമാധാനത്തിനും ദേശീയ പരമാധികാരത്തിനും എതിരെ വിദേശ പതാകകൾ ഏന്തിയ കലാപകാരികൾ നടത്തുന്ന ആക്രമണമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോസ് ആഞ്ചലസിലെ പ്രക്ഷോഭം നേരിടാൻ 700 മറൈൻ സൈനികരെയും, 4000 നാഷണൽ ഗാർഡ് സൈനികരെയും വിന്യസിച്ചത് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു.
പ്രാദേശികമായ പ്രക്ഷോഭം നേരിടാൻ സൈനികരെ ഉപയോഗിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ന്യൂസോം രൂക്ഷമായി വിമർശിച്ചു. ട്രംപ് ഫെഡറൽ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധം അടിച്ചമർത്താൻ നാഷണൽ ഗാർഡുകളെ ഇറക്കിയതിനെതിരെ കാലിഫോർണിയ സംസ്ഥാനം ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ട്രംപ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു .
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലോസ് ആഞ്ചലസിൽ വലിയ പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. പൊലീസ് കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കുകയും നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . ലോസ് ആഞ്ചലസിലെ ചില മേഖലകളിൽ മേയർ കാരെൻ ബാസ് കർഫ്യൂ പുറപ്പെടുവിച്ചു.
പ്രതിഷേധക്കാർ പൊലീസിന് നേരെ കുപ്പികളും കല്ലുകളും റബ്ബർ ബുള്ളറ്റുകളും പുക ബോംബുകളും എറിയുകയും കാറുകൾ കത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള വെയ്‌മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ഇതുവരെ 148 പേർ അറസ്റ്റിലായിട്ടുണ്ട്. നിലവിലുള്ള 2000 നാഷണൽ ഗാർഡുകൾക്ക് പുറമെ 2000 പേരെ കൂടി വിന്യസിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
രാജ്യത്ത് ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഇറക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. 2026-ലെ ഫുട്ബോൾ ലോകകപ്പിന് അമേരിക്കയും ആതിഥേയത്വം വഹിക്കുന്നുണ്ട്. അതിനു മുന്നോടിയായി നഗരത്തിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായും ഒഴിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെയും മറൈൻ സൈനികരെയും ഇറക്കി പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. “ജനാധിപത്യ സംരക്ഷണത്തിനായി യുഎസ് മറൈൻ സൈനികർ യുദ്ധങ്ങളിൽ മികച്ച സംഭാവന നൽകിയിട്ടുണ്ട്. അവർ വീരന്മാരാണ്. സ്വേച്ഛാധിപത്യ പ്രസിഡന്റിന്റെ വികലമായ ഫാന്റസി നിറവേറ്റുന്നതിനായി സ്വന്തം നാട്ടുകാർക്കെതിരേ തിരിക്കുന്ന രീതിയിൽ അവരെ അമേരിക്കൻ മണ്ണിൽ വിന്യസിക്കരുത്” – ട്രംപിനെ വിമർശിച്ച് ഗാവിൻ ന്യൂസോം പറഞ്ഞു.
“ട്രംപിന്റെ കെണിയിൽ വീഴരുത്. ട്രംപ് കുഴപ്പങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം അക്രമത്തിന് പ്രേരിപ്പിക്കുന്നു” എന്നും ന്യൂസോം കൂട്ടിച്ചേർത്തിട്ടുണ്ട് .
കുടിയേറ്റ വിഷയത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് ഡെമോക്രാറ്റിക് പാർട്ടി. മുൻ പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയങ്ങളെ ആദ്യം മുതൽ ട്രംപ് എതിർത്തിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് താമസിക്കുന്ന ഇടങ്ങളിലേക്ക് മടങ്ങാൻ പൊലീസ് ഉത്തരവിട്ടിട്ടും ആരും പിരിഞ്ഞുപോയിട്ടില്ല. സംഘർഷബാധിത പ്രദേശങ്ങളിൽ നിയമവിരുദ്ധമായി ഒത്തുചേരുന്നത് നിരോധിച്ചിരുന്നു.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇത്തരം സൈനിക വിന്യാസങ്ങളും പ്രസിഡൻ്റിൻ്റെ രൂക്ഷമായ വാക്കുകളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂട് വർദ്ധിപ്പിക്കുമെന്നത് തീർച്ചയാണ്. ഈ സാഹചര്യത്തിൽ അമേരിക്കൻ രാഷ്ട്രീയവും സാമൂഹിക സാഹചര്യങ്ങളും എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഫെഡറല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് പ്രത്യേക രാജ്യമാകണം എന്ന് കാലിഫോര്‍ണിയയില്‍ ആവശ്യം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ ആവശ്യം ശക്തമാണ് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
ലോസ്ആഞ്ചലസില്‍ 2000 സൈനികരെയാണ് ട്രംപ് വിന്യസിച്ചിട്ടുള്ളത്. ചില ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിക്കുകയും ചെയുന്നുണ്ട് . കാലഎക്‌സിറ്റ്, ഫ്രീ കാലഫോര്‍ണിയ തുടങ്ങിയ ഹാഷ് ടാഗുകള്‍ അമേരിക്കയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ കാലഫോര്‍ണിയയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നിരുന്നു. ആക്ടിവിസ്റ്റ് മാര്‍ക്കസ് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍.
കാലഫോര്‍ണിയ സ്വതന്ത്ര രാജ്യമാകണോ എന്നായിരുന്നു ഇവരുടെ ചോദ്യം.കാലഫോര്‍ണിയ റിപബ്ലിക് എന്ന കൊടി പിടിച്ചും പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കയില്‍ 50 സംസ്ഥാനങ്ങളാണുള്ളത്. മിക്ക സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം കൈകടത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്. അഞ്ചര ലക്ഷത്തോളം വോട്ടര്‍മാരുടെ പിന്തുണ തേടുന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം നടന്നാല്‍, 20 അംഗ കമ്മീഷന്‍ വിഷയത്തില്‍ പഠനം നടത്തിയ ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ട് ഉണ്ട്