
ഡൽഹി : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയും എത്തിയതോടെ തീരുമാനം ഉടനുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ വാദങ്ങൾ ഖർഗെയ്ക്ക് മുന്നിൽ നിരത്തി. കെപിസിസി നിലപാട് അറിയാൻ സണ്ണി ജോസഫിനെയും ചർച്ചയിലേക്ക് വിളിച്ചിട്ടുണ്ട്. എംഎൽഎമാരിൽ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ വിഡി സതീശനാണ്.
എന്നാൽ സീനിയോറിറ്റി പരിഗണിക്കണമെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതിനിടെ മുഖ്യമന്ത്രിയായി കെസി വേണുഗോപാലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടാൽ തലസ്ഥാനത്ത് വമ്പൻ ആഹ്ലാദ പ്രകടനത്തിനാണ് കെസി പക്ഷം കോപ്പുകൂട്ടുന്നത്. കെപിസിസി ആസ്ഥാനത്ത് പായസ വിതരണം നടത്തും.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് വൻ പ്രകടനം നടത്താനാണ് തീരുമാനം. അതേസമയം അവസാന നിമിഷം വരെ അട്ടിമറി പ്രതീക്ഷിച്ചുകൊണ്ട് സതീശൻ – ചെന്നിത്തല ക്യാമ്പുകളും ആത്മവിശ്വാസത്തിലാണ്.