
കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങളിൽ തറച്ച ആണികളും ഇരുമ്പ് കമ്പികളും നീക്കം ചെയ്ത് വേറിട്ട ബോധവൽക്കരണ പരിപാടിയുമായി കണ്ണൂർ ഫോറസ്റ്റ് ഡിവിഷനും മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫും. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ അഡ്വ ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
റോഡരികിലെ മരങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ബാനറുകൾ കെട്ടുന്നതിനുമായി അടിച്ചുകയറ്റിയ ആണികളും ഇരുമ്പ് കമ്പികളുമാണ് പരിസ്ഥിതി പ്രവർത്തകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നീക്കം ചെയ്തത്. മരങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
മരങ്ങളിൽ അടിക്കുന്ന ആണികൾ അവയുടെ സ്വാഭാവിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. ആണി തറയ്ക്കുന്ന ഭാഗങ്ങളിലൂടെ മരങ്ങൾക്ക് ഗുരുതരമായ രോഗബാധയുണ്ടാകാനും അവ നശിച്ചുപോകാനും വലിയ സാധ്യതയുണ്ട്. പ്രകൃതിയെ സംരക്ഷിക്കാനും വരുംതലമുറയ്ക്ക് ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കാനും സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്.
പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കും നിർണ്ണായക പങ്കുണ്ടെന്ന് അഡ്വ ടിഒ മോഹനൻ എംഎൽഎ ചൂണ്ടിക്കാട്ടി. മരങ്ങളെ ഹാനികരമായ വസ്തുക്കളിൽ നിന്ന് മോചിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന സന്ദേശമാണ് കണ്ണൂർ ഫോറസ്റ്റ് ഡിവിഷനും മാർക്കും ഈ പരിസ്ഥിതി ദിനത്തിൽ പൊതുസമൂഹത്തിന് മുന്നിൽ വെച്ചത്.