Banner Ads

‘സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടില്ല’; വൈറൽ വീഡിയോയിൽ വിശദീകരണവുമായി പശ്ചിമ റെയിൽവേ

ദില്ലി : മധ്യപ്രദേശിലെ ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാനായി ട്രെയിൻ നിർത്തിയിട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും ആരോപണങ്ങളും തള്ളി റെയിൽവേ അധികൃതർ. ട്രാക്കിലെ എഞ്ചിനീയറിങ് ജോലികൾക്ക് വേണ്ടിയാണ് ട്രെയിൻ നിർത്തിയതെന്നും ആ സമയത്താണ് ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ പോയതെന്നുമാണ് പശ്ചിമ റെയിൽവേ ഡിവിഷണൽ മാനേജർ നൽകുന്ന വിശദീകരണം.

ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോവുകയായിരുന്ന ഡെമു പാസഞ്ചർ ട്രെയിനാണ് വിവാദത്തിലായത്. ഇൻഡോറിന് സമീപമുള്ള ഒരു റെയിൽവേ ക്രോസിംഗിന് അടുത്തായി ലോക്കോ പൈലറ്റ് ട്രെയിൻ പത്ത് മിനിറ്റോളം നിർത്തിയിട്ടെന്നും ട്രാക്കിനടുത്തുള്ള കടയിൽ നിന്ന് സമോസയും കച്ചോരിയും വാങ്ങി തിരികെ കയറിയെന്നുമാണ് യാത്രക്കാരും നാട്ടുകാരും ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.