Banner Ads

മീൻപിടിത്തം കഴിഞ്ഞ് മടങ്ങവേ ദുരന്തം: മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം: മീൻപിടിത്തം കഴിഞ്ഞ് വിഴിഞ്ഞം ഹാർബറിലേക്ക് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി എം. രാജേഷ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ വിഴിഞ്ഞം ഹാർബറിനുള്ളിലായിരുന്നു സംഭവം.

സുഹൃത്തുക്കളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപിച്ച, നായകം എന്നിവർക്കൊപ്പം മീൻപിടിത്തത്തിനു പോയതായിരുന്നു രാജേഷ്. ബോട്ട് തിരികെ ഹാർബറിനുള്ളിലെത്തിയ സമയത്ത് രാജേഷിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം കടലിലേക്ക് വീഴുകയുമായിരുന്നു.

ബോട്ടിലെ എൻജിൻ നിയന്ത്രിച്ചിരുന്നത് രാജേഷായിരുന്നു.അപകടം കണ്ട ഉടൻ തന്നെ മുങ്ങൽ വിദഗ്ദ്ധരായ കോസ്റ്റൽ വാർഡൻമാർ സ്ഥലത്തെത്തി രാജേഷിനെ പുറത്തെടുത്തു. ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.