
മലപ്പുറം:മലപ്പുറം: മലപ്പുറം കൊളപ്പുറം കുന്നുംപുറം എയർപോർട്ട് റോഡിൽ ഥാർ ജീപ്പും ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് (18) ആണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
കൊളപ്പുറം കുന്നുംപുറം എയർപോർട്ട് റോഡിൽ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിൽ വെച്ചാണ് അപകടമുണ്ടായത്.കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഥാർ ജീപ്പ് പൂർണ്ണമായും തകർന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരു സുഹൃത്തായ ഷമീമിനെ കോഴിക്കോട് കെഎംസിടിയിലേക്കും ചികിത്സയ്ക്കായി മാറ്റി