Banner Ads

ചേർത്തലയിൽ ദാരുണം; വിറകടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചേർത്തല : വിറകടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശ്രീക്കുട്ടി (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 18ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

പഴയ വീടിന്റെ അടുക്കളയിൽ വിറകടുപ്പ് കത്തിച്ച ശേഷം മുകളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനായി ശ്രീക്കുട്ടി അടുപ്പിന്റെ വശത്തേക്ക് കയറി നിന്നു. ഇതിനിടയിലാണ് വസ്ത്രത്തിൽ തീപിടിച്ചത്. അപകട സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പൊള്ളലേറ്റ ശ്രീക്കുട്ടിയെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: അഭിജിത് (ടിഎംഎംസി ചേർത്തല)