
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ വൻ പരിഷ്കാരങ്ങളുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ ഒരു കാരണവശാലും രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ ശുചിത്വവും സർജറിക്കാവശ്യമായ സൗകര്യങ്ങളും പൂർണ്ണമായി ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതുവരെ ആശുപത്രികൾ എങ്ങനെയായിരുന്നു എന്നതല്ല. ഇനി അങ്ങോട്ട് എന്താണ് ചെയ്യേണ്ടത് എന്നതിനാണ് മുൻഗണന നൽകേണ്ടത്. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മരുന്ന് കിട്ടാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. കൂടാതെ ആരോഗ്യരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. സർജറി പ്രോട്ടോകോളുകൾ ആശുപത്രികളിൽ കർശനമായി പാലിക്കണം. ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം സർജറിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ബന്ധുക്കൾക്ക് കാണുന്നതിനായി വൈകുന്നേരം 4 മണി മുതൽ 6 മണി വരെ സമയം അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 108 ആംബുലൻസ് ജീവനക്കാരുടെ നിയമനത്തിൽ ഒരിക്കലും വെള്ളം ചേർക്കില്ലെന്നും നിയമം അനുസരിച്ചു മാത്രമേ മുന്നോട്ട് പോകൂ എന്നും മന്ത്രി ഉറപ്പുനൽകി.
ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയതും പിന്നീട് വന്ന സർക്കാർ നിർത്തലാക്കിയതുമായ രണ്ട് മെഡിക്കൽ കോളേജുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ തേടിയിരുന്നുവെങ്കിലും ഒന്നും കിട്ടിയതായി കാണാനില്ല. പരാതിക്കാർ ആവശ്യപ്പെട്ടാൽ ഈ റിപ്പോർട്ടുകളിന്മേൽ പുനഃപരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോർട്ട് മുഖവിലയ്ക്കെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.
രോഗി മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ നൽകിയത്. റിപ്പോർട്ടിൽ നിന്ന് അശ്രദ്ധ വ്യക്തമായതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകാനാകില്ല. രോഗിക്ക് ഇൻജെക്ഷൻ എടുത്ത ജീവനക്കാരനെ കണ്ടെത്തി കാര്യങ്ങൾ നേരിട്ട് തിരക്കാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. കോഴിക്കോട് രണ്ട് ഫാക്കൽറ്റികൾ കുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം അന്വേഷിച്ച് അവർക്ക് കൗൺസിലിംഗ് കൊടുക്കാനാണ് തീരുമാനം. ഇവർ ഈ പോസ്റ്റിന് യോഗ്യരാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അത് തുടരണമെന്നുമാണ് ഈ യുഡിഎഫ് സർക്കാരിന്റെയും നിലപാടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.