
മലപ്പുറം: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 4.7 കിലോഗ്രാം കഞ്ചാവുമായി ഒരാളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയായ സാബു (56) ആണ് മോങ്ങത്ത് വെച്ച് പിടിയിലായത്. ശരീരത്തിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സംഘടിതമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബുവെന്ന് പോലീസ് അറിയിച്ചു. 2020-ൽ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് ഇടുക്കി പോലീസ് സ്റ്റേഷനിൽ സാബുവിനെതിരെ കേസ് നിലവിലുണ്ട്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും കൊണ്ടോട്ടി പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.