Banner Ads

ഓണ സന്തോഷം കണ്ണീരായി: സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടി നൽകാൻ പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു

കൊച്ചി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡിലെ സുവർണോദ്യാനം ഭാഗത്തായിരുന്നു ദാരുണമായ സംഭവം.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ചുവീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെടുവന്നൂർ സ്വദേശിനിയായ വത്സല സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടി നൽകാൻ പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനി ജീവനക്കാരിയായ വത്സല, എസ്എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെ.എൻ. ദിവാകരന്റെ സഹോദരിയാണ്.