
താമരശ്ശേരി: താമരശ്ശേരി: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഇന്നലെ വൈകീട്ടുണ്ടായ മണ്ണിടിച്ചിൽ കാരണം ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും. ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കം ചെയ്യുന്ന പ്രവൃത്തി പ്രതികൂല കാലാവസ്ഥ കാരണം ഇഴഞ്ഞു നീങ്ങുകയാണ്.
നേരത്തെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വൈകുന്നേരത്തോടെ മാത്രമേ മണ്ണ് പൂർണമായി നീക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു. പാറകളും മണ്ണും നീക്കിയ ശേഷം സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഗതാഗതം സാധാരണ നിലയിലാക്കുകയുള്ളൂവെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.
മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. കൂടാതെ, ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരും മലയുടെ മുകളിൽ പരിശോധന നടത്തുന്നുണ്ട്. നിലവിൽ ആംബുലൻസ് പോലുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ വൈകിട്ട് 7:10-നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ സാവധാനമായിരുന്നു എന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും അധികൃതർ വ്യക്തമാക്കി.