Banner Ads

ഉത്രാടപ്പാച്ചിലിൽ നാടും നഗരവും; തിരുവോണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങി

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. കമ്പോളങ്ങളിലും തെരുവുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന ആവേശത്തിലാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.

പുത്തനുടുപ്പുകൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതിനായി വിപണികളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പ്രിയപ്പെട്ടവർക്കായി ഓണക്കോടികൾ വാങ്ങുന്നതിലും ജനങ്ങൾ വലിയ ആവേശം കാണിക്കുന്നുണ്ട്. ഇതോടെ ചെറുകിട-വൻകിട കച്ചവട മേഖലകൾ ഒരുപോലെ സജീവമായി.

ഓൺലൈൻ ഷോപ്പിംഗ് സജീവമാണെങ്കിലും നേരിട്ടെത്തി സാധനങ്ങൾ വാങ്ങാനാണ് ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നത്. വീടുകളിൽ കായ വറുക്കലും അച്ചാറിടലും ഉൾപ്പെടെയുള്ള തിരുവോണത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നു. മൂന്നാമോണം വരെ നീളുന്ന ഓണാഘോഷങ്ങൾക്ക് ഉത്രാടത്തോടെ തുടക്കമായിരിക്കുകയാണ്.