Banner Ads

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം; വിരൽത്തുമ്പിലെ വിപ്ലവത്തിന് 16 വയസ്സ്

കൊച്ചി : ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യജീവിതത്തിന്റെ ദിശ മാറ്റിയെഴുതിയ സോഷ്യൽ മീഡിയയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഇന്ന് (ജൂൺ 30) ലോക സോഷ്യൽ മീഡിയ ദിനം.

അകലങ്ങളിലിരിക്കുന്നവരെ ഒരൊറ്റ ക്ലിക്കിലൂടെ കണ്മുന്നിലെത്തിക്കാനും ലോകവിവരങ്ങൾ നിമിഷങ്ങൾക്കകം വിരൽത്തുമ്പിൽ ലഭ്യമാക്കാനും സമൂഹമാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്.

ഇന്ന് ഓൺലൈൻ എന്ന വാക്ക് ഒഴിവാക്കിയുള്ള ജീവിതം ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രത്തോളം ഈ പ്ലാറ്റ്‌ഫോമുകൾ നമ്മെ സ്വാധീനിച്ചുകഴിഞ്ഞു. അമേരിക്കൻ സംരംഭകനായ ആൻഡ്രൂ വെയ്ൻറിച്ച് രൂപം നൽകിയ സിക്സ് ഡിഗ്രിസ് ആണ് ലോകത്തിലെ ആദ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി കണക്കാക്കപ്പെടുന്നത്.

2001ൽ ഇതിന്റെ കാലം അവസാനിച്ചതോടെയാണ് വിപണി കീഴടക്കാൻ ഫെയ്‌സ്ബുക്ക്, മൈ സ്‌പേസ്, ഫ്രണ്ട്സ്റ്റാർ എന്നിവയുടെ വരവ്. അതോടെ ലോകം സോഷ്യൽ മീഡിയയുടെ പുതിയൊരു യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ചു.

ആശയവിനിമയ രംഗത്ത് സമൂഹമാധ്യമങ്ങൾ വരുത്തിയ വിപ്ലവങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ച ചെയ്യുന്നതിനായി 2010ൽ മാഷെബിൾ എന്ന വാർത്താ വെബ്‌സൈറ്റാണ് ആദ്യമായി ജൂൺ 30 സോഷ്യൽ മീഡിയ ദിനമായി ആചരിക്കാൻ തുടങ്ങിയത്.

ഇന്ന് കേവലമൊരു ആശയവിനിമയ ഉപാധി എന്നതിനപ്പുറം കോടിക്കണക്കിന് ആളുകളുടെ വരുമാനമാർഗ്ഗം കൂടിയാണ് സോഷ്യൽ മീഡിയ. ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടെന്റ് ക്രിയേഷൻ എന്നിവയിലൂടെ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ ഇതിന് സാധിച്ചു.

എന്നാൽ നാണയത്തിന്റെ മറുപുറം പോലെ സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നുണ്ട്.

വ്യാജവാർത്തകളും സൈബർ സുരക്ഷാ ഭീഷണികളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഏറെ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും വേണം സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടതെന്ന സന്ദേശമാണ് ഈ ദിനം നമുക്ക് നൽകുന്നത്.