
തിരുവന്തപുരം : സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റ്. ഭക്തജന തിരക്കേറിയ പ്രധാന ആരാധനാലയങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കായി തിരുപ്പതി മോഡൽ വികസന പദ്ധതി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.
തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ദർശന സംവിധാനങ്ങളും കാര്യക്ഷമമാക്കുകയാണ് പുതിയ മാതൃകയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നീ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും തിരുപ്പതി മോഡൽ പ്രത്യേക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
ഭക്തർക്ക് ദർശനത്തിനെത്തുമ്പോൾ മികച്ച സൗകര്യങ്ങളും വലിയ മാറ്റങ്ങളും ഉറപ്പാക്കും. ഇതിനൊപ്പം തന്നെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ സ്മാരക കേന്ദ്രം രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.