
തിരുവനന്തപുരം : അന്തരിച്ച നടൻ സലിം കുമാറിന്റെ ഓർമ്മയ്ക്കായി എറണാകുളം ജില്ലയിൽ സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.
ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, സാംസ്കാരിക മേഖലകൾക്കായി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.
എം ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ അനുവദിച്ചു. ഇവിടെ കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക വേദികളും ഒരുക്കും. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ സ്മരണാർത്ഥം ചിത്രനഗരം എന്ന പേരിൽ പ്രത്യേക സിനിമാ സൗഹൃദ പദ്ധതി നടപ്പിലാക്കും.
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും.