
മലപ്പുറം : തമിഴ്‌നാട്-കേരള അതിർത്തി ഗ്രാമമായ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഗൂഡല്ലൂർ സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി തോട്ടത്തിൽ വെള്ളം തിരിച്ചുവിടാനായി പോയ ബാലകൃഷ്ണൻ വീട്ടിൽ തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തിന് സമീപത്തെ കാട്ടിൽ കടുവ ആക്രമിച്ചു കൊന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ജനവാസ മേഖലയ്ക്ക് സമീപം കടുവയിറങ്ങിയത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.