Banner Ads

പിറമാടം പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; പള്ളി പൂട്ടി സീൽ ചെയ്ത് പൊലീസ്

കൊച്ചി : പിറവം പിറമാടം സെന്റ് ജോൺസ് ബദ്‌ലഹേം പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഇരു വിഭാഗത്തിലെയും വൈദികരും വിശ്വാസികളും തമ്മിൽ പള്ളിക്കുള്ളിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

യാക്കോബായ വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന സമയത്ത് അനുകൂല കോടതി ഉത്തരവുമായി ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തുകയായിരുന്നു. തുടർന്ന് തങ്ങൾക്കും പ്രാർത്ഥന നടത്തണമെന്ന് ഓർത്തഡോക്സ് വൈദികർ ആവശ്യപ്പെട്ടതോടെയാണ് തർക്കവും സംഘർഷവും ഉടലെടുത്തത്.

തുടർന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും മാറ്റുകയും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പള്ളി താത്കാലികമായി പൂട്ടി സീൽ ചെയ്യുകയുമായിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തുന്നതുവരെ പള്ളിയിൽ ആരാധനാ ചടങ്ങുകൾ നിർത്തിവെക്കാൻ തീരുമാനിച്ചു.