
വാഗമൺ : കേരളത്തിലെ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അതിമനോഹരമായ കാഴ്ചകളും ആവേശകരമായ അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ഒരു ജനപ്രിയ ടൂറിസ്റ്റ് ആകർഷണമാണ്. വാഗമണ്ണിലെ കണ്ണാടിപാലം അടച്ചിട്ടിട്ട് മൂന്നുമാസം. വാഗമൺ ഗ്ലാസ് ബ്രിഡ്ജ് വിനോദസഞ്ചാരികൾക്കായി അടച്ചത് നിരവധി സന്ദർശകരെ നിരാശരാക്കുകയും സർക്കാരിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. മൂന്ന് കോടി രൂപ മുടക്കി പൂർത്തിയാക്കിയ ഈ ആധുനിക വിസ്മയം സമുദ്രനിരപ്പില്‍നിന്നും 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളിലായി നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബര്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിനായി സമര്‍പ്പിച്ചത്.
ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് പാലം എന്ന നിലയിൽ, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ വിദൂര സ്ഥലങ്ങളുടെ അതിമനോഹരമായ കാഴ്ചകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സ്വകാര്യ പങ്കാളികളും ചേർന്നാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. എന്നാൽ കണ്ണാടിപ്പാലത്തിൽ കയറുക എന്ന ലക്ഷ്യവുമായി കിലോമീറ്റർ സഞ്ചരിച്ച് വരുന്ന വിനോദ സഞ്ചാരികൾക്ക് നിരാശരാവേണ്ട അവസ്ഥയാണുള്ളത്. ഇതുകാരണം സർക്കാരിനും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതിനാൽ അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് അനുസരിച്ച് വാഗമണ്‍ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കണ്ണാടിപാലം അടച്ചിടുകയും ചെയ്തു.
ആദ്യത്തെ പ്രവേശന നിരക്ക് 500 രൂപയായിരുന്നു. പിന്നീട് അത് 250 രൂപയാക്കി കുറയ്ക്കുകയും ചെയ്‌തു. കണ്ണാടിപാലത്തെക്കുറിച്ച് അറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരുദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് പ്രവേശനം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലധികം സഞ്ചാരികള്‍ ദിവസേന എത്തിയിരുന്നു. ഒരേസമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാൻ സാധിക്കുമായിരുന്നു. അഞ്ചു മിനിറ്റ് സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിലേറെ രൂപ വരുമാനവും ലഭിച്ചിരുന്നു. കണ്ണാടി പാലത്തില്‍ കയറുന്നവരില്‍നിന്ന് വാങ്ങുന്ന പണം 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡി.ടി.പി.സി.ക്കുമാണ്.