തൃശൂർ: ബൈക്കിനു സൈഡ് കൊടുത്തില്ല ഡ്രൈവറെയും,കണ്ടക്ടറെയും റോഡിൽ വലിച്ചിട്ട് മർദിച്ചു,മൂന്നുപേർ അറസ്റ്റിൽ. കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29 ), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25 ) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് സംഘം ആക്രമിച്ചത്.വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് തങ്ങളുടെ വാഹനത്തിന് ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ പ്രതികരണം.
ബൈക്കിലെത്തിയ സംഘം ബസിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസിന്റെ ഉള്ളിലേക്ക് കയറി കണ്ടക്ടർ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീത് (42)എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദ് (48) എന്നയാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്യുകയായിരുന്നു. ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. ബസ് ഉടമ നൽകിയ പരാതിയിലാണ് കാട്ടൂർ പൊലീസ് പ്രതികൾക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.സബിലിനെതിരെ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസും, ഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, രമേഷ്, എ എസ് ഐ മിനി, സീനിയർ സിപിഒ നിബിൻ, സിപിഒ മാരായ കിരൺ,മിഥുൻ, ദിഷിത്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.