
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രിയങ്കരനായി മാറിയ താരമാണ് സിദ്ധാർത്ഥ് പ്രഭു. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് സിദ്ധാർത്ഥ് ശ്രദ്ധേയനായത്. പിന്നീട് സിനിമകളിലും അഭിനയിച്ചു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി താരം എത്തിയത്.
ഡെയ്ൻ ഡേവിസ് ചെയ്തിരുന്ന ഈ വേഷത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷമാണ് സിദ്ധാർത്ഥ് എത്തിയത്. ഇപ്പോഴിതാ വീണ്ടും ഉപ്പും മുളകിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് സിദ്ധാർത്ഥ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്ന് കുറച്ച് കാലത്തേക്ക് ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒരു വിടപറയലല്ല. ഒരു ചെറിയ ഇടവേള മാത്രമാണ്. ഇനി ഒരിക്കൽ തിരികെ വരാൻ തീരുമാനിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളെയെല്ലാം അറിയിക്കും.
ഈ യാത്രയിൽ എന്നിൽ വിശ്വാസമർപ്പിക്കുകയും ഇത്ര മനോഹരമായൊരു അവസരം നൽകുകയും ചെയ്ത ഫ്‌ളവേഴ്‌സ് ടിവിയോട് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സംവിധായകൻ, തിരക്കഥാകൃത്തുകൾ, നിർമാതാക്കൾ, ടെക്‌നീഷ്യൻമാർ, ക്യാമറ ടീം, മേക്കപ്പ്
ആർട്ടിസ്റ്റുകൾ, കോസ്റ്റ്യൂം ടീം, പ്രൊഡക്ഷൻ സ്റ്റാഫ്, ക്യാമറയ്ക്ക് പിന്നിൽ അക്ഷീണം പ്രയത്‌നിച്ചവർ……..ഓരോരുത്തർക്കും എന്റെ പ്രത്യേകം നന്ദി. നിങ്ങളാണ് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി ഇതിനെ മാറ്റിയതെന്ന് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതിനിടെ ക്രിസ്മസ് തലേന്ന് രാത്രിയിൽ താരം ഓടിച്ച വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥിനെതിരെ കേസും വിവാദങ്ങളും ഉണ്ടായിരുന്നു.
തുടർന്ന് സീരിയലിൽ നിന്ന് വിട്ടുനിന്ന താരം അടുത്തിടെയാണ് വീണ്ടും സജീവമായത്. അതിനുപിന്നാലെയാണ് ഇപ്പോൾ താരം വീണ്ടും പരമ്പരയിൽ നിന്ന് താല്ക്കാലിക ഇടവേള പ്രഖ്യാപിച്ചിരിക്കുന്നത്.