Banner Ads

വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചു: മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളോട് മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുത്തത്.

മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിനിടെയുണ്ടായ ചില സംഭവങ്ങളാണ് വിവാദത്തിനും നിയമനടപടിക്കും കാരണമായത്,ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു.

എഴുതിയതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ, “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.മേൽവിലാസം തെറ്റിച്ചെഴുതി എന്ന പേരിൽ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കുട്ടികളെ സദസ്സിന് മുന്നിൽ വെച്ച് പരസ്യമായി അപമാനിച്ചതും മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയതും ഗുരുതരമായ വീഴ്ചയായി കണക്കാക്കിയാണ് ബാലാവകാശ കമ്മീഷൻ മുൻ മന്ത്രിക്കെതിരെ നിലവിൽ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.