Banner Ads

ജനസാഗരമായി തിരുവഞ്ചിറ; കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് റെക്കോർഡ് ഭക്തജനത്തിരക്ക്.

ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച കൊട്ടിയൂരും പരിസര പ്രദേശങ്ങളും ജനനിബിഡമായി. സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമായതിനാലും ഉത്സവക്കാലത്തെ ആദ്യ ഞായറാഴ്ചയായതിനാലും പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലേക്ക് തീർഥാടകരുടെ വൻ പ്രവാഹമായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പുറമെ കർണാടകത്തിൽ നിന്നും ഇത്തവണ റെക്കോർഡ് ജനക്കൂട്ടമാണ് ഉത്സവത്തിനെത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ കുടുംബസംഘങ്ങൾ പുലർച്ചെ മുതൽ ടൂറിസ്റ്റ് ബസ്സുകളിലും മറ്റ് ചെറു വാഹനങ്ങളിലുമായി കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ഇതോടെ തിരുവഞ്ചിറ രാവിലെ മുതൽ തന്നെ ജനസാഗരമായി മാറി.

വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴ പെയ്തെങ്കിലും ഭക്തജനത്തിരക്കിനെ ഒട്ടും ബാധിച്ചില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയതും പൊലീസിന്റെ കൃത്യമായ ഇടപെടലും കാരണം ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകാതെ നിയന്ത്രിക്കാൻ സാധിച്ചു. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ താൽക്കാലിക ശ്രീകോവിൽ നിർമാണം ഞായറാഴ്ച ആരംഭിച്ചു.

പ്രകൃതിദത്ത സാമഗ്രികളായ മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക ശ്രീകോവിൽ നിർമിക്കുന്നത്. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിൽ സ്ഥിരമായ ശ്രീകോവിൽ ഇല്ലാതെ മണിത്തറയിലാണ് പാരമ്പര്യ രീതിയിലുള്ള പൂജകൾ നടക്കുക.