
തിരുവനന്തപുരം : കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ 2025-26 സാമ്പത്തിക വർഷത്തെ വരുമാനക്കണക്കുകൾ പുറത്ത്. 319.21 കോടി രൂപയുടെ വരുമാനവുമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം 288.32 കോടി രൂപയായിരുന്നു. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷൻ രണ്ടാം സ്ഥാനത്തുണ്ട്.
മുൻ വർഷത്തേതിൽ നിന്ന് 17.55 കോടി രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ആണ്. 28.51 കോടിയിൽ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂർ ഇത്തവണ 136.11 കോടി രൂപയുമായി ആറാം സ്ഥാനത്തായി.
പത്താം സ്ഥാനത്തുണ്ടായിരുന്ന ആലുവ 100.45 കോടി രൂപയുമായി ഒൻപതാം സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ വരുമാനം കോട്ടയത്താണ്. 100 കോടി കടക്കാൻ കഴിയാത്ത കോട്ടയം സ്റ്റേഷന് 89.53 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കേരളത്തിലൂടെ ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് മാത്രമായി 163 കോടി രൂപ വരുമാനം ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), ഷൊർണൂർ, കായംകുളം എന്നീ സ്റ്റേഷനുകൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോൾ കാസർകോട്, തലശ്ശേരി സ്റ്റേഷനുകൾ ആ നേട്ടത്തിന് തൊട്ടരികിലെത്തി നിൽക്കുകയാണ്. റിസർവേഷൻ ടിക്കറ്റുകൾക്കൊപ്പം തന്നെ അൺ റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും റെയിൽവേയ്ക്ക് നേട്ടമായി.